അഹമ്മദാബാദ്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി ഹിതേഷ് അസോദിയ ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സ്നേഹബെൻ അസോദിയ ആണ് കൊല്ലപ്പെട്ടത്.
ഹിതേഷ് അസോദിയ പാനി പൂരി കഴിക്കാൻ പോയ ഭാര്യ മടങ്ങിവന്നില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ സ്നേഹബെന്നിന്റെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി ഗുജറാത് പോലീസ് പറയുന്നു. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ഹിതേഷ് ജോലിസ്ഥലത്തായിരിക്കുന്പോഴും സ്നേഹ പല തവണ വിളിക്കുകയും പലപ്പോഴും വഴക്കിടുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.
സംഭവ ദിവസം ജോലിസ്ഥലത്തായിരുന്ന ഹിതേഷിനെ പുറത്തുപോകാമെന്ന് പറഞ്ഞത് സ്നേഹ വിളിച്ച് ഓർമ്മിപ്പിച്ചു. ഇത് വഴക്കിലേക്ക് നയിച്ചു. അതിനുശേഷം ഹിതേഷ് ഒരു ഇരുമ്പു ദണ്ഡുമായി വീട്ടിലേക്ക് മടങ്ങി.
തുടർന്ന് ഭാര്യയെ അത്താഴം കഴിക്കാനെന്ന വ്യാജേന പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിനെ കബളിപ്പിക്കാൻ സ്റ്റേഷനിലെത്തി പരാതിയും നൽകുകയായിരുന്നു. എന്നാൽ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.